തിരുവനന്തപുരം: ടൂറിസം മേഖലയിൽ വനിതകൾക്ക് വ്യക്തിഗത സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നാലു ശതമാനം പലിശ സബ്സിഡി നൽകാൻ സർക്കാർ തീരുമാനം.
ടൂറിസം മേഖലയിൽ വനിതാ സംരംഭകത്വം ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് സംസ്ഥാന വനിതാ വികസന കോർപറേഷൻ നൽകുന്ന വായ്പകൾക്ക് സബ്സിഡി നൽകാൻ തീരുമാനിച്ചത്. ഇന്ററസ്റ്റ് സബ്വെൻഷൻ പ്രോജക്ട് എന്ന പേരിലുള്ള പദ്ധതി നടപ്പാക്കുന്നതിനായി 4 കോടി രൂപയുടെ ഭരണാനുമതി നൽകി ഉത്തരവായി.
നിലവിൽ കേരള റെസ്പോണ്സിബിൾ ടൂറിസം മിഷൻ സൊസൈറ്റിയിൽ (കെആർടിഎംഎസ്) രജിസ്റ്റർ ചെയ്തവർക്കും പുതിയതായി രജിസ്റ്റർ ചെയ്യുന്നവർക്കും ടൂറിസം സംരംഭങ്ങൾ ആരംഭിക്കുന്നതിനായിട്ടാണ് സബ്സിഡി നൽകുന്നത്.
വായ്പാ തുക എത്രയായാലും പരമാവധി 15 ലക്ഷം രൂപ വരെയാണ് നാലു ശതമാനം പലിശ സബ്സിഡി ലഭ്യമാകുക. ഈ വായ്പാ പദ്ധതിയിൽ പട്ടികജാതി പട്ടികവർഗ വിഭാഗക്കാർ, ന്യൂനപക്ഷ വിഭാഗക്കാർ, ജനറൽ വിഭാഗക്കാർ എന്നിങ്ങനെ എല്ലാ വിഭാഗത്തിൽപ്പെടുന്ന വനിതകൾക്കും നാലു ശതമാനം സബ്സിഡി ലഭിക്കും.
വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള കേരള ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന വനിതാ യൂണിറ്റുകളുടെ പ്രചാരണത്തിനും വിപുലീകരണത്തിനുമാണ് പദ്ധതി. കേരള വനിതാ വികസന കോർപറേഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.